മംഗളാദേവി ട്രെക്കിങ്. പെരിയാർ കടുവ സങ്കേതത്തിലൂടെ 15 കിലോമീറ്റർ

കുറച്ചു നാൾ മുൻപ് കെട്ടിയോൻ പറഞ്ഞാണ് മംഗളാദേവി യെ കുറിച്ച് കേൾക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രെ തുറക്കുവുള്ളു എന്നും ഒരു കുന്നിന്റെ മുകളിൽ ആണെന്നുമൊക്കെ ആണ് പറഞ്ഞത്. ആ കുന്നിന്റ മുകളിൽ നിന്ന് ആളുകൾ ഇറങ്ങി വരുന്നത് താഴെ നില്കുന്നവർക് ഉറുമ്പുകൾ വരി വരിയായി ഇറങ്ങുന്ന പോലെ ആണ് തോന്നുക എന്നൊക്കെ പറഞ്ഞു. (സത്യം പറയാല്ലോ കെട്ടിയോൻ പറഞ്ഞത് കൊണ്ട് പകുതിയേ വിശ്വസിച്ചുള്ളു.) ഏപ്രിൽ മെയ്‌ മാസത്തിൽ ആണ് അവിടെ നട തുറക്കുക എന്ന് ഒരു ഓർമ വെച്ച് സെർച്ച്‌ ചെയ്തപ്പോൾ ഈ വർഷം ഏപ്രിൽ 19 ആണ് ചിത്ര പൗർണമി എന്ന് കണ്ടു. (ഈ ദിവസമാണ് ഇവിടെ നട തുറക്കുക )


15കിലോമീറ്റർ പെരിയാർ ടൈഗർ റിസേർവ് ഫോറെസ്റ്റിലുടെ യാത്ര ചെയ്തു വേണം മംഗളാദേവി ക്ഷേത്രം എത്താൻ. വർഷത്തിൽ ഒരു ദിവസം അതായത് മേട മാസത്തിലെ ചിത്ര പൗർണമി യിൽ മാത്രമേ ഇവിടെ നട തുറക്കു.സമുദ്രനിരപ്പിൽ നിന്ന് 1337 മീറ്റർ ഉയരത്തിലാണ് മംഗളാദേവി ക്ഷേത്രം. ഇത്രയും ആയിരുന്നു ഗൂഗിൾ തന്ന വിവരങ്ങൾ. ഇത്രയും അറിഞ്ഞപ്പോൾ തന്നെ പോകണം എന്നു വിചാരിച്ചു. ഒരു അടിപൊളി ട്രിപ്പ്‌ ആക്കാം എന്നു വിചാരിച്ചാണ് പ്ലസ് 2 ഗ്രൂപ്പിൽ പോസ്റ്റിയത്. പറയേണ്ട താമസം എല്ലാരും ഓക്കേ. പോകുന്നതിനു രണ്ടീസം മുന്നേ എല്ലാം കാല് മാറി എന്നു മാത്രമല്ല പോവാൻ നിൽക്കുന്ന ഞങ്ങളെ കൂടെ മടുപ്പിച്ചു. എന്നാലും കെട്ടിയോൻ വിടാൻ തയ്യാറായില്ല ട്രിപ്പനെ(ഷമീർ )വിളിച്ചു സെറ്റ് ആക്കി. രാത്രി 8 മണിക്ക് ഇറങ്ങാം എന്നു പറഞ്ഞു.


അങ്ങനെ ഞാനും കെട്ടിയോനും ഷമീറും കൂടെ ആലപ്പുഴയിൽ നിന്ന് 8 മണിക്ക് തന്നെ പുറപ്പെട്ടു. ചേർത്തലയിൽ വെച്ച് അവന്റ ഒരു ചങ്ക് ബിനോയ്‌ യെ കൂടെ കിട്ടി. കണ്ടപ്പോൾ കുറച്ചു ജാഡ ആണെന്ന് തോന്നിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ആ തോന്നൽ മാറി കിട്ടി. ചേർത്തലയിൽ നിന്നും കോട്ടയം റൂട്ടിൽ കയറി തേക്കടി പോവാൻ ആയിരുന്നു ആദ്യം പ്ലാൻ ചെയ്‍തത്. പക്ഷെ ഇടക്ക് വെച്ച് പ്ലാൻ മാറ്റി. കുട്ടിക്കാനം കഴിഞ്ഞു തേക്കടി റൂട്ടിൽ നിന്നും മാറി പരുന്തും പാറ വഴി കയറി വണ്ടിപ്പെരിയാർ തേക്കടി എന്ന് ആക്കി. രാത്രിയുടെ ഭീകരത കാണിക്കാൻ എന്നൊക്കെ ആണ് പറഞ്ഞത്. പക്ഷെ പ്ലാൻ ബി വലുതായി ഏറ്റില്ല. അങ്ങനെ ഒരു 4.30 യോടെ കുമളി എത്തി. തണുപ്പേ ഇല്ല എന്നാണ് കൂടെയുണ്ടാരുന്ന ട്രിപ്പൻമാർ പറഞ്ഞത്. പക്ഷെ എനിക്ക് നല്ല തണുപ്പ് ആരുന്നു (ആലപ്പുഴ ഹൈറേൻജ് ആക്കിയിട്ടില്ലല്ലോ അത് കൊണ്ട് ആവും )
ബിനോയ്‌ യുടെ കയ്യിൽ ഒരു ജാക്കറ്റ് ഉണ്ടാരുന്ന കൊണ്ട് രക്ഷപെട്ടു. അതും ഇട്ടാണ് അവിടെ നടന്നത്. നടന്നു പോകാൻ പ്ലാൻ ചെയ്താണ് വന്നത്, കുമളി ചെക്ക് പോസ്റ്റിൽ കുറച്ചു പേരോട് അഭിപ്രായം ചോദിച്ചു.
ചിലർ പോസിറ്റീവ് ആയിട്ടാണ് മറുപടി തന്നത്. അങ്ങനെ നടന്നു കയറാൻ തന്നെ ഉറപ്പിച്ചു. ഒന്ന് ഫ്രഷ് ആയി തിരിച്ചു വന്നപ്പോളേക്കും കുമളി ബസ് സ്റ്റാൻഡ് പോലീസ് കാരെ കൊണ്ട് നിറഞ്ഞു. ജീപ്പിൽ പോകാൻ വരിയിൽ നിൽക്കുന്ന ആളുകളും കുറവായിരുന്നില്ല. 100 രൂപ ആണ് ഒരാൾക്കു മംഗളാദേവി വരെ പോകാനുള്ള ജീപ്പ് ചാർജ്. അതിനു വേണ്ടിയുള്ള ഒരു വലിയ വരി തന്നെ അവിടെ ഉണ്ടായിരുന്നു. ഒരു ജീപ്പിനു 2000 രൂപ കൊടുത്താൽ വരിയിൽ നിൽക്കണ്ട. ഈ 2000 രൂപ കൊടുത്ത് പോകുന്നവരെ കൊണ്ടാണ് ജീപ്പ് ആദ്യം പോവുക അത് കഴിഞ്ഞാണ് വരിയിൽ നിൽക്കുന്നവരെ കൊണ്ട് പോവുക. നടന്നു പോവുന്നവർക് ഇതൊന്നും ബാധകമല്ല. തലേന്ന് രാത്രി മുതൽ വന്നു നിൽക്കുന്നവർ വരെ ഉണ്ട്. വരിയിൽ തന്നെ പായ വിരിച്ചു കിടന്നു ഉറങ്ങുന്നവരെയും കാണാം. അങ്ങനെ കുറച്ചു ബിസ്കറ്റും വെള്ളവുമൊക്കെ വാങ്ങി പുറപ്പെടാൻ നിൽക്കുമ്പോഴാണ് പ്ലാസ്റ്റിക് അങ്ങോട്ട് കയറ്റില്ല എന്നറിയുന്നത് അങ്ങനെ ബിസ്കറ്റ് പൊട്ടിച്ചു ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞു. വെള്ളം ബിനോയ്‌ കൊണ്ട് വന്ന കുപ്പിയിലും ആക്കി യാത്ര തുടങ്ങി. ബസ് സ്റ്റാൻഡിൽ നിന്നും 2കിലോമീറ്റർ ഉണ്ട് ചെക്ക് പോസ്റ്റ്‌ വരെ.( ഹോട്ടൽ സ്റ്റെർലിങ് ആണ് ആ വഴിയുടെ അവസാനം. )

Written by Seena Afsal

തിപ്പ ശെരിയാക്കി തരാം എന്നും പറഞ്ഞു കെട്ടിയോൻ ഗൂഗിൾ അമ്മച്ചിയുമായി മുന്നിൽ നടക്കുന്നുണ്ട്. നടന്നു വന്ന വഴി രണ്ടായി തിരിഞ്ഞു

“ആ വരുന്ന ജീപ്പുകാരനോട് ചോദിച്ചാലോ”

എന്തിന് വഴിയൊക്കെ എനിക്കറിയാം നിങ്ങള് വാ

കെട്ടിയൊന്റ മറുപടി

രണ്ടായി പിരിഞ്ഞ വഴിയിൽ ഇടത്തേക്ക് പോയി കുറച്ചു നടന്നു കഴിഞ്ഞപ്പോ റോഡ് കാണാനില്ല മുന്നിൽ കാട്

കെട്ടിയോൻ ആയി പോയി അല്ലാരുന്നേ

ആഹ്

അങ്ങനെ അവിടുന്ന് തിരിച്ചു വന്നു ശെരിക്കുള്ള റോഡിൽ കയറി. കുറച്ചു നടക്കാൻ തുടങ്ങിയപ്പോളേക്കും പോലീസ്, ഫയർ ഫോഴ്സ്, മെഡിക്കൽ, ബോംബ് സ്‌ക്വാഡ് എന്നു വേണ്ട സംസ്ഥാനത്തെ ഒട്ടു മിക്ക വകുപ്പുകളുടെയും വണ്ടികൾ വരിയായി വന്നു തുടങ്ങി. അവസാനം നടന്നു കാട്ടിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് എത്തി. (ഹോട്ടൽ സ്റ്റെർലിങ് ന്റ അടുത്ത് ). വിരലിൽ എണ്ണാവുന്ന ആളുകളെ മാത്രമേ നടന്നു കയറാൻ പ്രതീക്ഷിച്ചിരുന്നുള്ളു പക്ഷെ പ്രതീക്ഷകൾക് അപ്പുറമായിരുന്നു അവിടുത്തെ കാഴ്ച. പ്രായ ഭേദമന്യേ കുറെ ആളുകൾ അവിടെ കാത്തു നില്കുന്നുണ്ടാരുന്നു. ഗേറ്റ് തുറക്കുന്നതിനു മുൻപ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്കുള്ള നിർദ്ദേശങ്ങൾ തന്നു
പ്ലാസ്റ്റിക് കൊണ്ട് പോവരുത്
സിഗരറ്റ് തീപ്പെട്ടി മുതലായവ ഉപയോഗിക്കരുത് എന്നൊക്കെ ആയിരുന്നു
കൃത്യം 6 മണിക്ക് തന്നെ ഗേറ്റ് തുറന്നു.