മൂന്നാറിൽ എന്താണ് കാണാനുള്ളത് ?. അറിയേണ്ടതെല്ലാം….

ഈ സംശയം ഇതിനകം പലരും ഇവിടെ (Sanchari Travel Forum)പോസ്റ്റിയത് കൊണ്ടും,
ക്രിസ്തുമസ് ന്യൂ ഈയർ വെക്കേഷൻ അടുത്ത് വരുന്നത് കൊണ്ടും,
ഒരു മൂന്നാറുകാരനായത് കൊണ്ടും
എനിക്കറിയാവുന്ന ചില കാര്യങ്ങൾ ഇവിടെ എല്ലാവരുടെയും അറിവിലേക്കായി പറയട്ടെ..
(തെറ്റുണ്ടെങ്കിൽ പറയണം, തിരുത്തണം)
സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 5000അടിക്കു മുകളിലാണ് മൂന്നാർ എന്ന് അറിയാമല്ലോ. മുതിരപ്പുഴ, മാട്ടുപ്പെട്ടി, നല്ലതണ്ണി എന്നീ മൂന്നു ആറുകളുടെ സംഗമ സ്ഥലമാണ് മൂന്നാർ. അതുപ്പോലെ മൂന്നു കുന്നുകളിൽ മൂന്ന് ആരാധനാലയങ്ങൾ മതസാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടവുമായി ബന്ധപ്പെട്ടാണ് മൂന്നാറിന്റെ ചരിത്രം കിടക്കുന്നത്.
ആദ്യം കറ്റാർ വാഴയും, പിന്നീട് കാപ്പിയും ഒടുവിൽ തേയിലയും കൃഷി ചെയ്ത് വിജയിപ്പിച്ച് ബ്രിട്ടീഷുകാരുടെ സംഭാവനയാണ് മൂന്നാർ ഹിൽ സ്റ്റേഷൻ.
(One Hundred years of planting എന്നൊരു പുസ്തകം മൂന്നാറിന്റെ ചരിത്രം പറയും) ചരിത്രം അവിടെ നിൽക്കട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം.
ഇവിടെ എത്തുന്ന ഒരു സഞ്ചാരിക്ക് പല തരത്തിൽ മൂന്നാറിനെ ആസ്വദിക്കാം. ഒറ്റ ദിവസം കൊണ്ട് ഓടിച്ചിട്ട് കണ്ടു പോകുന്നവർ, രണ്ടു മൂന്നു ദിവസം തങ്ങി നന്നായി ആസ്വദിക്കുന്നവർ, ഫോട്ടോഗ്രാഫിക്ക് വേണ്ടി കാടും മലകളും കയറുന്നവർ, വന്യജീവി ഫോട്ടോഗ്രാഫർമാർ.
ഒരു സത്യം പറയട്ടെ. മൂന്നാറിനെ നന്നായി ആസ്വദിക്കുന്നത് വിദേശികളാണ്. വാഹനം ഉപയോഗിക്കാതെ ദിവസങ്ങളോളം കാൽനടയായി മൂന്നാറിന്റെ ആരും തേടാത്ത വഴികളിലൂടെ സഞ്ചരിക്കുന്നവർ.
ഇനി മൂന്നാറിലെ കാഴ്ചകൾ എന്തൊക്കെ എന്ന് നോക്കാം.
1.രാജമല.
ഇരവികുളം നാഷണൽ പാർക്കിന്റെ ഒരു ചെറിയ ഭാഗമാണ് രാജമല. മൂന്നാറിൽ നിന്നും 13കിലോമീറ്റർ ഉണ്ട്. വരയാടുകൾ മേയുന്നതും, കുറിഞ്ഞി സീസണിൽ നീലക്കുറിഞ്ഞികൾ പൂക്കുന്നതും ഇവിടെയാണ്. കേരള വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടേക്ക് പ്രവേശനത്തിന് പാസ്സുണ്ട്.
ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം.

BookNow 
2. മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ.
മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന റൂട്ടാണിത്. ഏറ്റവും തിരക്കുള്ളതും കാഴ്ചകൾ ഉള്ളതും ഈ റൂട്ടിലാണ്. മൂന്നാർ ടൗൺ പാലം കയറി ലെഫ്റ്റ് എടുത്ത്, അടുത്ത റൈറ്റിൽ നേരെ പോയാൽ ആദ്യം കെ.എഫ്.ഡി.സിയുടെ ഫ്‌ളവർ ഗാർഡൻ, പിന്നെ ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം.(ഇവിടെ സ്പീഡ് ബോട്ടിങ്, അഡ്വഞ്ചർ പാർക്ക്, പെഡൽ ബോട്ടിങ്) എക്കോ പോയിന്റ്, കുണ്ടള ഡാം. അവിടെ നിന്ന് നേരെ പോയാൽ ടോപ് സ്റ്റേഷൻ. (ടോപ് സ്റ്റേഷൻ തമിഴ് നാട്ടിലാണ്. ടോപ് സ്റ്റേഷനിൽ നിന്ന് വലത്തേക്ക് നോക്കിയാൽ കൊളുക്കുമല.)
കുണ്ടള ടോപ് സ്റ്റേഷൻ റൂട്ടിൽ എല്ലപ്പെട്ടി എന്നൊരു സ്ഥലം ഉണ്ട്. ഇവിടെ ഇറങ്ങാൻ മറക്കല്ലേ. കാരറ്റ്, ബീൻസ്, കോളി ഫ്‌ളവർ, ക്യാബേജ് തുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. വാങ്ങാനും കിട്ടും.
എല്ലപ്പെട്ടിയിൽ നിന്ന് ഒരു അത്യപൂർവ്വ കാഴ്ചാനുഭവം ഉണ്ട്. അധികമാർക്കുമറിയാത്ത ഒരു കാഴ്ച്ച. മീശപ്പുലിമലയുടെ. നേരെ മുന്നിൽ കാണുന്നതാണ് മീശപുലിമല.!!!!!!!!
ഇവിടെ നിന്നും മൂന്നാർ ടൗണിലേക്ക് തിരികെ വന്ന് പഴയ മൂന്നാറിൽ ബ്ലോസ്സം പാർക്കിൽ കൂടി ഒന്ന് കയറിയാൽ അത്യാവശ്യം ഒരു വൺ ഡേ മൂന്നാർ ട്രിപ്പ് ആയി. ഇടക്ക് മൂന്നാർ ടൗണിലെ പഴം, പച്ചക്കറി മാർക്കറ്റിലും ഒന്ന് കറങ്ങാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
1. ടോപ് സ്റ്റേഷൻ റൂട്ടിലേക്ക് വൈകിട്ട് 5 മണിക്ക് ശേഷം യാത്ര അരുത്. ആന, കാട്ടുപോത്ത്, ശല്യമുണ്ട്.
2. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒരു കാരണവശാലും വലിച്ചെറിയാതിരിക്കുക. ഗ്രൂപ്പായി വരുന്നവർ പ്രത്യേകിച്ച്.
3. സ്റ്റേ ചെയ്യാൻ വരുന്നവർ റൂമുകളെക്കുറിച്ച് നേരത്തെ ഒന്ന് തിരക്കുക. പലയിടങ്ങളിലും റേറ്റ് അന്വേഷിക്കുക. ഇവിടെ വന്നിട്ട് റൂമുകൾ അന്വേഷിക്കുന്നവർ ഒന്നോ രണ്ടോ ഇടങ്ങളിൽ റേറ്റ് തിരക്കുക. ഓടിച്ചെന്ന് കിട്ടുന്ന മുറികൾ എടുക്കാതിരുന്നാൽ ചിലപ്പോ പണികിട്ടാതിരുന്നാലോ 😂
4. ഹൈറേഞ്ചിലെ റോഡുകളിൽ ശ്രദ്ധിച്ചു ഹോൺ മുഴക്കി വാഹനം ഓടിക്കുക.
5. ഒരല്പം മിനുങ്ങാൻ വരുന്നവർ ലോക്കൽസുമായി കച്ചിറക്ക് പോകാതിരിക്കുക. 😉
അപ്പോൾ എല്ലാവർക്കും ഹാപ്പി ജേണി 😊😊
(കൊളുക്കുമല, മീശപ്പുലിമല, മറയൂർ, ആനമുടി, വട്ടവട, കാന്തല്ലൂർ,ആനയിറങ്കൽ, ദേവികുളം ഇവയെപ്പറ്റി അടുത്ത പോസ്റ്റിൽ)
മൂന്നാറിൽ സഹായങ്ങൾക്ക് വിളിക്കുക.

മൂന്നാർ പോലീസ്.
04865230321
ടാറ്റ ഹോസ്പിറ്റൽ
04865230270
ഡിടിപിസി ബോട്ടിങ്
9447876963

suresh devikulam
9495381923

മൂന്നാറിലെ നോൺ വെജ് ഹോട്ടലുകൾ.

സൂര്യസോമ റെസ്റ്റോറന്റ്, റോച്ചസ്സ്, ഗുരുസ്‌, ഗുരുഭവൻ, അൽബുഹാരി, ചെട്ടിനാട്.

വെജിറ്റേറിയൻ.
അന്നപൂർണ, ശരവണഭവൻ, ശ്രീനിവാസ

നോർത്ത് ഇന്ത്യൻ
പുരോഹിത്, മഹാവീർ