പ്രേതബംഗ്ലാവിലേക്കൊരു യാത്ര | techtravelmore

പ്രേതബംഗ്ലാവ് എന്ന പേരില്‍ കുപ്രസിദ്ധി നേടിയ തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് എസ്റ്റേറ്റിനു മുകളിലുള്ള 25GB എന്ന ഇടിഞ്ഞുപൊളിഞ്ഞ പഴയ ബ്രിട്ടീഷ് ബംഗ്ലാവ് ആണിത്..! The Most Haunted Place in kerala എന്ന് ഗൂഗിളിൽ വെറുതെയൊന്നു Search ചെയ്താൽ ആദ്യം വരുന്നത് ബോണക്കാട്ടെ ഈ പ്രേതബംഗ്ലാവിനെക്കുറിച്ചുള്ള വിവരണങ്ങളാണ്..!
ഈ ബംഗ്ലാവിന്റെ കഥ പറയുന്ന ചരിത്രം ഇപ്രകാരമാണ്..!
1947-ൽ ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതിനു ശേഷവും ഇവിടെ താമസം തുടര്‍ന്ന ബ്രിട്ടീഷുകാരനായ ഒരു എസ്റ്റേറ്റ് മാനേജര്‍ 1951-ലാണ് ഈ ബംഗ്ലാവ് പണിത് കുടുംബസമേതം ഇവിടേക്ക് താമസം മാറിയത്..! പക്ഷേ താമസമാരംഭിച്ച് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ സായിപ്പിന്‍റെ മകള്‍ ഈ ബംഗ്ലാവില്‍ വെച്ച് ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടു..
ആ സംഭവത്തിനു ശേഷം ഏറെ ദുഃഖിതനായ സായിപ്പും കുടുംബവും ഈ ബംഗ്ലാവിലെ താമസം മതിയാക്കി ലണ്ടനിലേക്ക് തിരിച്ചുപോയി..! പക്ഷേ ഈ സംഭവങ്ങൾക്കു ശേഷം പലരും രാത്രികാലങ്ങളില്‍ ബംഗ്ലാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കാണാറുണ്ടായിരുന്നുവത്രേ….
ഈ വാർത്ത കാട്ടുതീ പോലെ പടർന്നു.. അതിനു ശേഷം ഇവിടുത്തെ എസ്റ്റേറ്റ് നോക്കാന്‍ പിന്നീട് വന്നവരൊക്കെ ഇവിടം ഉപേക്ഷിച്ച് പഴയ ബംഗ്ലാവിലേക്കു തന്നെ താമസം മാറി..! ഈ സംഭവങ്ങളൊക്കെ നടന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ഇപ്പോഴും രാത്രികാലങ്ങളില്‍ ഇവിടെ നിന്നും ഒരു പെൺകുട്ടിയുടെ അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ചില്ലുകള്‍ തകരുന്ന ശബ്ദങ്ങളും കേൾക്കാറുണ്ടത്രേ..! രാത്രികാലങ്ങളില്‍ ഇവിടേക്കു കടന്നു ചെന്ന സമീപവാസികളിൽ പലരും ബംഗ്ലാവിന്‍റെ പ്രധാന വാതിലിലും ജനലിലും ഒരു പെണ്‍കുട്ടിയുടെ രൂപം കണ്ടെന്നു സാക്ഷ്യപ്പെടുത്തുന്ന കഥകള്‍ വേറെ..!
പണ്ട് വിറക് ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു ആദിവാസി പെണ്‍കുട്ടി തിരിച്ചു വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയായിരുന്നു.. വിദ്യാഭ്യാസമില്ലാത്ത ആ പെണ്‍കുട്ടി പാശ്ചാത്ത്യശൈലിയില്‍ സ്ഥുടമായി ഇംഗ്ലീഷ് സംസാരിക്കാനും തുടങ്ങി.. ഇതു കണ്ടിട്ട് മരണപ്പെട്ട മദാമ്മപ്പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് വീട്ടുകാരും നാട്ടുകാരും ഒരുപോലെ വിശ്വസിച്ചു..! കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടിയും ദുരൂഹമായി മരണപ്പെടുകയുണ്ടായി..!
ഇതൊക്കെയാണ് ഈ ബംഗ്ലാവിനെ ചുറ്റിപ്പറ്റി പ്രചരിപ്പിക്കപ്പെടുന്ന കഥകള്‍..

Writtern by : Nijukumar Venjaramoodu

ഈ കഥകളൊക്കെ കേട്ടതു മുതൽ കുപ്രസിദ്ധമായ ഈ പ്രേതബംഗ്ലാവ് ഒന്നു കാണാൻ ഞാനും എന്റെ സുഹൃത്ത് മണികണ്ഠനും തീരുമാനിച്ചു..! ബോണക്കാട്ടെ കാണിത്തടം എന്ന ചെക്ക്പോസ്റ്റ് കടന്നുവേണം ഇങ്ങോട്ടേക്ക് എത്താൻ…. ഇവിടേക്കുള്ള യാത്രാമദ്ധ്യേ പ്രദേശവാസിയായ ഒരാളോട് വഴി ചോദിച്ചപ്പോള്‍ അങ്ങകലെ മലയുടെ മുകളിലുള്ള ഒരു ക്രിസ്മസ് ട്രീ ചൂണ്ടിക്കാണിച്ചു തന്നു അതാണ് നിങ്ങളീ പറഞ്ഞ ബംഗ്ലാവിന്‍റെ മുറ്റമെന്നു പറഞ്ഞു..! ഒരു വലിയ കയറ്റം കയറി കുറേ ദൂരം നടന്നു വേണം അവിടേക്ക് എത്താൻ.. പോകുന്ന വഴിയിൽ കുറച്ചു സമയം വിശ്രമിച്ചിട്ടാണ് ഞങ്ങള്‍ അവിടേക്കു പോയത്.. വിശ്രമിക്കുന്നതിനിടയില്‍ വെറുതെ യൂടൂബ് ഒന്നു സെർച്ച് ചെയ്തു.. അപ്പോഴാണ് കുറേകാലം മുമ്പ് ഈ ബംഗ്ലാവിനെ കുറിച്ച് മനോരമ ന്യൂസില്‍ വന്നൊരു വീഡിയോ കാണാനിടയായത്…
മനോരമയുടെ റിപ്പോര്‍ട്ടര്‍ പറയുന്നതിങ്ങനെ!!
”ഞങ്ങള്‍ മല കയറി, ഭീതിപ്പെടുത്താനെന്ന പോലെ കാട്ടിലെ ഇല കൊഴിഞ്ഞ ഒരു വൃക്ഷം, നിഗൂഢതകളെ ഓര്‍മ്മിപ്പിച്ച് ആ കൂറ്റന്‍ ക്രിസ്മസ് മരം, ചാര നിറത്തിലുള്ള ബംഗ്ലാവും പരിസരവും, ഇരുട്ടായാല്‍ ജനാലയ്ക്ക് സമീപം മനുഷ്യരൂപം പ്രത്യക്ഷപ്പെടും, വൈദ്യുതിയില്ലാത്ത ഈ ബംഗ്ലാവില്‍ ലൈറ്റുകള്‍ മിന്നിമായും, നിഗൂഢത ഒളിപ്പിച്ച വിശാലമായ മുറികള്‍, സന്ധ്യയായാല്‍ അന്തരീക്ഷം മാറിമറിയും, ആകാശത്തിനു ചുവപ്പേറും, കാടിനു ഭാവമാറ്റവും… ഇങ്ങനെ തുടങ്ങുന്നു മനോരമയുടെ റിപ്പോര്‍ട്ടറുടെ ഒടുക്കത്തെ ഭാവന…

വരുന്ന വഴിയില്‍ ഇല പൊഴിഞ്ഞ ധാരാളം മരങ്ങള്‍ ഞങ്ങളും കണ്ടിരുന്നു, അതിലൊന്നും യാതൊരു നിഗൂഢതയും തോന്നിയില്ല..
ബംഗ്ലാവിന്‍റെ മുറ്റത്ത് ബ്രിട്ടീഷുകാരനായ എസ്‌റ്റേറ്റ് മാനേജര്‍ ക്രിസ്മസ് ട്രീ അല്ലാതെ പിന്നെ അടയ്ക്കാമരം നടണമായിരുന്നോ..?? അവിടെയൊരു ക്രിസ്മസ് ട്രീ നിൽക്കുന്നതിൽ ഇത്ര നിഗൂഢത ചിന്തിക്കേണ്ട കാര്യമെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല…
മനോരമ ന്യൂസിന്‍റെ റിപ്പോര്‍ട്ടര്‍ക്കു മാത്രം ഇവിടെ എന്തു കണ്ടാലും അതൊക്കെ ദുരൂഹതകളാണ്..!
ഞങ്ങള്‍ ബംഗ്ലാവിലേക്ക് വരുന്ന വഴി പ്രദേശവാസികളായ ചിലരോട് ഈ ബംഗ്ലാവിനെപ്പറ്റി ചോദിച്ചു..! അവിടെ ജനിച്ചു വളര്‍ന്ന പ്രായമായ ആള്‍ക്കാര്‍ പോലും ഈ കഥകളൊക്കെ നിഷേധിക്കുകയാണുണ്ടായത്.. അവിടെ പ്രേതവും ഇല്ല, ആവിയുമില്ല, അതെല്ലാം ഇവിടെ വന്നുപോയ ചിലർ പറഞ്ഞുണ്ടാക്കിയ കെട്ടുകഥകളാണെന്നാണ് പറയുന്നത്..! ഈയടുത്ത കാലത്താണ് ഇങ്ങനെയുള്ള കഥകളൊക്കെ പ്രചരിക്കാന്‍ തുടങ്ങിയതെന്നും അവർ പറഞ്ഞു..!
ഞങ്ങളെന്തായാലും മലയുടെ മുകളിലെത്തി.. തുറന്നു കിടക്കുന്ന ഗേറ്റിനുള്ളിലൂടെ ബംഗ്ലാവ് ലക്ഷ്യമാക്കി നടന്നു.. ബംഗ്ലാവിനുള്ളില്‍ പ്രവേശിച്ച് മുറികള്‍ പരിശോധിച്ചപ്പോള്‍ മനസിലായത് ധാരാളം കാട്ടുപോത്തുകളും പശുക്കളുമൊക്കെ കയറിയിറങ്ങി പോകുന്ന ഇടമാണെന്നാണ്.. മുറികള്‍ നിറയെ ചാണകം.. കെട്ടിടത്തിന് വാതിലുകളോ ജനലുകളോ ഒന്നും തന്നെയില്ല.. ഉണ്ടായിരുന്നതെല്ലാം ഏതോ സാമൂഹ്യ വിരുദ്ധർ പൊളിച്ചു കളഞ്ഞിരിക്കുന്നു.. പിന്നെ പലയിടത്തും തീ കൂട്ടിയ അടുപ്പുകള്‍, ബിയർ ബോട്ടിലുകളും, മദ്യക്കുപ്പികളും, കേടായ ലേഡീസ് ചെരുപ്പുകള്‍, പിന്നെ ഉപയോഗത്തിനു ശേഷം വലിച്ചെറിഞ്ഞ ഗര്‍ഭനിരോധന ഉറകള്‍, അങ്ങനെ പലതും കാണാനിടയായി.. ഇത്രയും കണ്ടപ്പോൾത്തന്നെ
വൈദ്യുതിയില്ലാത്ത ബംഗ്ലാവില്‍ വെളിച്ചം ഉണ്ടാകുന്നതിന്‍റേയും രാത്രികാലങ്ങളില്‍ ജനാലയ്ക്കു സമീപവും മറ്റും പെണ്‍കുട്ടിയെ കാണുന്നതിനേയും കുറിച്ചുള്ള ഒരു ഏകദേശ ധാരണ പ്രഥമദൃഷ്ടിയില്‍ തന്നെ നമുക്ക് മനസിലായി…!!
എന്തായാലും ഇതില്‍ നിന്നും ഒരു കാര്യം പിടികിട്ടി..! ഒന്നുകിൽ ഇവിടെയെത്തിയ ഏതോ ഒരു തള്ളുവിദഗ്ദന്‍ പരിസര വാസികളുമായി പോലും സംസാരിക്കാതെ ആളുകളുടെ ഭയം എന്ന വികാരത്തെ മാത്രം മുതലെടുത്ത് അവന്റെ ഭാവനയിൽ വിരിഞ്ഞ കഥകളുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും, അതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ മാധ്യമങ്ങൾ കണ്ണുമടച്ച് ഇതൊക്കെ ഏറ്റെടുക്കുകയുമാണ് ഉണ്ടായത്..! അല്ലെങ്കിൽ തങ്ങളുടെ സ്വകാര്യതയിലെ കട്ടുറുമ്പായി പരിസരവാസികളാരും പേടിച്ച് ഇങ്ങോട്ടേക്ക് വരാതിരിക്കാൻ ഏതോ സാമൂഹ്യവിരുദ്ധന്റെ ബുദ്ധിയിലുദിച്ച ഐഡിയയുമാവാം.. രണ്ടിലേതായാലും ഇതിന്റെയൊക്കെ പഴി മുഴുവൻ പണ്ടെന്നോ മരിച്ചു പോയ ഒരു പാവം പെൺകുട്ടിയുടെ തലയിൽത്തന്നെ…!!